ആമുഖം: ഒരു തലമുറയുടെ ശ്വാസം മുട്ടിക്കുന്ന പുകച്ചുരുളുകൾ നമ്മുടെ കാലഘട്ടം നേരിടുന്ന ഏറ്റവും ഭയാനകമായ വിപത്തുകളിൽ ഒന്നാണ് ലഹരി. അത് കേവലം ഒരു വ്യക്തിയെ മാത്രമല്ല, ഒരു കുടുംബത്തെയും അതുവഴി ഒരു സമൂഹത്തെയും ചുട്ടെരിക്കുകയാണ്. സ്നേഹവും നീതിയും ബന്ധങ്ങളും കത്തിയമരുന്ന ഒരു ശ്മശാനമായി നമ്മുടെ ലോകം മാറിക്കൊണ്ടിരിക്കുന്നു. ലഹരിയുടെ ഉന്മാദത്തിൽ സ്വന്തം പിതാവിന്റെ സ്നേഹവേരുകളായ കരങ്ങളിൽ, കഴുത്തിൽ കൊലക്കത്തി വെക്കുന്ന, അമ്മയുടെ കണ്ണീരിനെ നിശ്ചലമാക്കുന്ന ഒരു ഭീകരമായ അവസ്ഥയെയാണ് 'ഭ്രാന്തിന്റെ വിളനിലം' എന്ന ഈ കവിതയിലൂടെ അടയാളപ്പെടുത്താൻ ശ്രമിക്കുന്നത്. ചിന്തയുടെ വെളിച്ചം കെട്ടുപോവുകയും പൈശാചികത സിംഹാസനം ഏറുകയും ചെയ്യുന്ന ഈ കാലത്ത്, ഓരോ വരിയും ഒരു ഉണർത്തുപാട്ടാകട്ടെ എന്ന് ആഗ്രഹിക്കുന്നു. മരണം മണക്കുന്ന ലഹരിയുടെ നൃത്തത്തിന് അന്ത്യം കുറിക്കാനും, തകർക്കപ്പെടുന്ന ഒരു തലമുറയെ വീണ്ടെടുക്കാനും നാം ഉണരേണ്ടിയിരിക്കുന്നു. വിഷം പടരുന്ന ഈ സാമ്രാജ്യത്തെ നിഷേധിക്കാനും പുതിയൊരു പുലരിയിലേക്ക് ഉയിർത്തെഴുന്നേൽക്കാനുമുള്ള ഒരാഹ്വാനമാണിത്. വായിക്കുക, ചിന്തിക്കുക... നമുക്ക് ഒന്നിച്ചു പോരാടാം..
*ഭ്രാന്തിന്റെ വിളനിലം* ഹരി കുടൽമന നവംബറിലെ ശീതമേറ്റ് വിറയ്ക്കും രാത്രി. ഇതൊരു യുഗത്തിന്റെ മരവിച്ച ശ്മശാനം ഇവിടെ വെളിച്ചം മരീചിക, പ്രതീക്ഷ കേവലം ഭാരം! പുഴയൊഴുകുന്നില്ല, അല്ല; കണ്ണീരും രക്തവും നരകമായി പരന്നൊഴുകുന്നു! സത്യം? ഇപ്പോൾ തിരിച്ചെത്താത്ത ശൂന്യതയുടെ കായൽ മാത്രം. തുറന്ന ശിലാപേടകം... വഴിക്കണ്ണുമായ് നിന്നിരുന്ന വീട്ടിന്നുള്ളിൽ വൃദ്ധമാം നീതിയുടെ ചിതറിയ ചില്ലുകൾ.. രക്തത്തിൽ കുതിർന്ന പുസ്തകം! ഉന്മാദത്തിന്റെ വേതാളം പ്രചണ്ഡതാണ്ഡവമാടുന്നു. വാദിച്ചവന്റെ നാവോ? നുരഞ്ഞുപൊങ്ങിയ ജല്പനങ്ങൾ, പൈശാചികതയുടെ ആക്രോശങ്ങൾ, മുറുമുറുപ്പുകൾ... ചിന്തയുടെ പുകചുരുണ്ട നാമ്പുകൾ, വിഷം കനത്ത ലഹരിയുടെ ഇലകൾ— കണ്ണിലെ അവസാന വെളിച്ചം ചവിട്ടിക്കെടുത്തി! ലഹരി! അത് പൈശാചികതയുടെ സിംഹാസനം! 'നല്ലത്-ചീത്ത', 'സ്വന്തം-ബന്ധം'? വിൽക്കപ്പെട്ട കള്ളങ്ങൾ! ഈ വെറും വാക്കുകളൊടുവിൽ മനുഷ്യത്വമില്ലാത്ത ചവറുകൂമ്പാരം! പിതാവിന്റെ സ്നേഹവേരുകളായ കരങ്ങൾ, ആ കൈകളിൽ, തൃക്കഴുത്തിൽ കൊലക്കത്തിയുടെ മുറിവുകൾ! പിളർപ്പുകൾ! അമ്മ... ആവിയായ്പ്പോയ കണ്ണീരുമായ് കുനിഞ്ഞിരിക്കുന്ന നിശ്ചലചിത്രം. സോദരർ... നിശ്ശബ്ദരോദനത്തിൻ്റെ, കദനത്തിൻ്റെ മ...