നിങ്ങളുടെ മൗനം ഒരു യുദ്ധമാണ്: സുഡാനിലെ മനുഷ്യർക്കുവേണ്ടി 'പ്രചോദയാൽ' എഴുതുന്നു..

ആമുഖം:

നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും വേദനിപ്പിക്കുന്ന ചില യാഥാർത്ഥ്യങ്ങളിലേക്ക് വിരൽ ചൂണ്ടുന്ന ഒരു കവിതയാണ് ഞാനെഴുതിയ, 'മരണം! മരണം!'. പലപ്പോഴും വാർത്തകളിൽ നിന്നും നമ്മുടെ ശ്രദ്ധ മാറുമ്പോൾ, സുഡാനിലെ സാധാരണക്കാരായ മനുഷ്യരുടെ ജീവിതങ്ങൾ മരണത്തിനും അതിജീവനത്തിനും ഇടയിലുള്ള നേർത്ത വരയിലൂടെ സഞ്ചരിക്കുകയാണ്.

​ഈ വിഷയത്തിൻ്റെ അടിയന്തിരതയും, മനുഷ്യൻ എന്ന നിലയിൽ നമ്മൾ പങ്കുവെക്കേണ്ട സഹാനുഭൂതിയും എത്രത്തോളമുണ്ടെന്ന് ഓർമ്മിപ്പിക്കാൻ ഈ കവിതയ്ക്ക് സാധിക്കുമെന്നാണ് എൻ്റെ വിശ്വാസം.

​വായിക്കുക, ചിന്തിക്കുക, പ്രതികരിക്കുക. കാരണം, നമ്മൾ ഓരോരുത്തരുടെയും മൗനം ഈ ദുരിതങ്ങൾക്ക് കൂടുതൽ ശക്തി നൽകിയേക്കാം - ഹരി കുടൽമന.


'മരണം! മരണം!'

​ഹരി കുടൽമന


മനുഷ്യൻ മനുഷ്യനെ കൊല്ലുന്ന ഈ ഭൂമിയിൽ...

ക്രൂരത പൂത്ത ഡിസംബറിലെ രാത്രി,

ആകാശം തുപ്പിയ തീ!

അൻപത്

(അതൊരു പ്രതീകസംഖ്യ മാത്രം!)

ബാല്യങ്ങൾ വെറും ചാരം!

​പത്രത്താളിൽ, എണ്ണമില്ലാ ചോരയുടെ കട്ടപിടിച്ച കണക്കുകൾ.

നിസ്സഹായത; കവിൾതടം കീറിപ്പടരും പെൺവിലാപം.

വിശ്വാസം, അതിർത്തി, അന്നം—

മൂർച്ചയേറും ഈ വാക്കുകൾ...

ഹൃദയങ്ങളെ പിളർക്കും വജ്രായുധങ്ങളോ?

​അതിർത്തിക്കപ്പുറവും ഇപ്പുറവും കണ്ണുനീരിൻ ഉപ്പ് ഒന്നു മാത്രം;

രക്തത്തിൻ നിറവും ഒന്ന്.

അതിരുകൾ മാറിയാലെന്ത്? നെഞ്ചിലെ തീ ഒന്നുതാൻ.

മനുഷ്യത്വം മരിച്ചാൽ, പിന്നെയെന്ത് രാഷ്ട്രീയം? എന്ത് വിജയം?

​നരനായാട്ടിൻ കാടത്തം, ഭൂമിക്കെരിയുന്ന അപമാനം!

നീതി തൻ മൗനം പിളർന്ന്

ഉറങ്ങാത്ത ഭൂമിയുടെ

കാതിൽ വെടിയൊച്ചകൾ ഇനിയും!

​നിശബ്ദമായി നിൽക്കുന്ന ഭൂമാതാവേ, ലജ്ജയാൽ തലകുനിച്ചോ നീ?

നമുക്ക് ഉണരണം! ഈ കൊള്ളരുതായ്മ ഇനിയൊരു നിമിഷം പാടില്ല.

വാളുകൾ ഉറയിലിടുക! ശാന്തിയുടെ വിളക്ക് കത്തട്ടെ!

എത്ര നാൾ ഈ പരസ്‌പര കൊല? എത്ര നാൾ ഈ ഇരുൾക്കയം?

​മനുഷ്യാ, മനുഷ്യനാകുക!

ഇതാകണം നമ്മുടെ ഏകപ്രതിജ്ഞ.

ഈ രക്തപ്പുഴ ഇവിടെ, ഇപ്പൊഴവസാനിക്കട്ടെ!

​നമുക്കീ ജീവിതം പുനർനിർമ്മിക്കാം—

സ്നേഹം മാത്രം സത്യമായിരിക്കട്ടെ;

പ്രതീക്ഷതൻ ആയിരം ചുവപ്പുരശ്മികൾ പടർത്തി,

ശാന്തി തൻ പുതുയുഗസൂര്യൻ

പാരിൽ ഉദിക്കട്ടെ.


​(സുഡാനിലെ ഡ്രോണാക്രമണത്തിൽ 33 കുട്ടികളടക്കം 50 മരണം എന്ന പത്രവാർത്ത (7/12/25)കണ്ടപ്പോൾ എഴുതിയത്.)



Comments

Popular posts from this blog

വാർദ്ധക്യകേരളം (കവിത)

*​മഹാഭാരതം: ധർമ്മസങ്കടങ്ങളുടെ ഇതിഹാസവും കാലാതീതമായ സന്ദേശവും*